2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

ഒരു ഓണം കൂടി


                                        അങ്ങനെ ഒരു ഓണം കൂടി കടന്നു പോയി, നാടിനെ വിട്ടു നിന്നിട്ടുള്ള കുവൈറ്റിലെ മൂന്നാമത്തെ ഓണം.ഇത്തവണത്തെ ഓണവും പതിവ് ജോലിതിരക്കുകള്‍ക്ക് ഇടയില്‍ തന്നെ ആയിരുന്നു.ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തിയ ഞാന്‍ കുറെ മനുഷ്യപാമ്പുകളെ കണ്ടു മുറിയിലേക്ക് കയറി......(ഓണമായിട്ട് നമ്മുടെ സ്വന്തം പുന്നപ്ര ബൈജുവിന്‍റെ ചില കഥാപാത്രങ്ങളെ ഓര്‍മ്മിക്കാനായി കൂടുകാര്‍ തന്ന അവസരം... അറിയാതെ നന്ദി പറഞ്ഞു പോയി അവര്‍ക്ക്‌).വ്രതത്തിന്‍റെ ക്ഷീണം കാരണം കുറച്ചു നേരം കിടന്നതിനു ശേഷം നാട്ടിലെ ഓണവിശേഷം അറിയാനായി വീട്ടിലേക്കു വിളിച്ചു. പിന്നീട് കേരളത്തിലെ ഓണത്തെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്കായി നെറ്റിലെ പത്രങ്ങളിലൂടെ കയറിയിറങ്ങിയ എനിക്ക് കേരളത്തിലെ ഗുണ്ടാവിളയാട്ടങ്ങളുടെ പുതിയ മുഖങ്ങളെക്കുറിച്ചുള്ള പോലീസ് പ്രസ്താവനകള്‍ ആയിരുന്നു കാണാന്‍ കഴിഞ്ഞത്, കേരളാപോലീസ് ഒരു നാടക ഗ്രൂപ്പ് തുടങ്ങിയിരുന്നുവെങ്കില്‍ കൊള്ളാമെന്നു തോന്നിയ നിമിഷങ്ങള്‍, ലോകവാര്‍ത്തയില്‍ പോലും ഓണസമ്മാനമായി മലയാളിയുടെ കുപ്രസിദ്ധി, ഫാഷന്‍ ഡിസൈനറുടെ രൂപത്തില്‍ അമേരിക്കയില്‍.........

                                   ഇന്‍റെര്‍നെറ്റിലെ സ്ക്രാപ്പുകളിലും മൊബൈല്‍ ഇന്ബോക്സ് സന്ദേശങ്ങളുടെ രൂപത്തിലും ഓണം ആഘോഷിച്ചു ശീലിച്ച ഇന്നത്തെ തലമുറയില്‍ ഉള്‍പെടുന്നതു കൊണ്ടായിരിക്കും ഓര്‍ക്കൂട്ടിലെ സ്ക്രാപ്പ് നോക്കിയപ്പോള്‍ കണ്ട പ്രവാസികളെ കുറിച്ചുള്ള കുറെ നഗ്നസത്യങ്ങള്‍..



പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍

ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍...
അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ്
ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!

ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ്
വിശപ്പടക്കുമ്പോള്‍...
അവര്‍ സല്‍ക്കാരങ്ങളൊരുക്കി
അതിഥികളെ കാത്തിരിക്കുന്നു..!!

ഞങ്ങള്‍ പിസ്തയും ബദാമും പാല്‍പ്പൊടിയും
അത്തറുമായ് വരുമ്പോള്‍...
അവര്‍ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കായും തന്ന് യാത്രയാക്കുന്നു..!!

ഞങ്ങളവരെക്കുറിച്ചോര്‍ത്ത്
തലയിണകള്‍ ഈറനാക്കുമ്പോള്‍...
അവര്‍ ദിര്‍ഹത്തിന്‍റെ മൂല്യം നോക്കി
കത്തുകളയച്ചു കൊണ്ടിരിക്കുന്നു..!!

ഞങ്ങള്‍ വിതയ്ക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍...!!!!!!!
അവര്‍ കൊയ്യാനായ് കാത്തിരിക്കുന്ന ഭാഗ്യശാലികള്‍



                                        ഓണമല്ലേ!!! ലോകത്തെവിടെയാണെങ്കിലും ഓണദിവസം ഒരു ഓണസദ്യയെങ്കിലും ഉണ്ണാത്ത മലയാളികള്‍ ഉണ്ടാവില്ലല്ലോ?.. തണുത്ത ഓണത്തിന്‍റെ തണുത്ത സദ്യ കഴിക്കാനായി ഞാനും ഇരുന്നു. മ്യൂസിക് സിസ്റ്റത്തില്‍ നിന്നും വരുന്ന ശിങ്കാരിമേളത്താല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വാഴയിലയില്‍ സദ്യ കഴിക്കാന്‍ തുടങ്ങിയ എനിക്ക് നാട്ടിലെ ഓണത്തിന്‍റെ ഓര്‍മ്മ തന്ന ദൈവത്തിനോടും ഇവിടുത്തെ മെസ്സുകാരനോടും നന്ദി പറഞ്ഞു.ഉച്ചയ്ക്ക് ഉണ്ടാക്കിയ സദ്യ ആയതിനാലാവും പാല്പായസത്തിനൊരു രുചി വ്യത്യാസം തോന്നിയെങ്കിലും,അതു വകവെച്ചില്ല.ഇന്നത്തെ വ്രതം കൊണ്ടുള്ള വിശപ്പ്‌ അത്രേം അസഹ്യം ആയിരുന്നു.അപ്പോഴും തൊട്ടടുത്ത മുറിയുള്ള പാമ്പുകള്‍ പത്തി താഴ്ത്തിയിരുന്നില്ല. മുറിയിലേക്ക് കയറിയ എന്നെ സഹമുറിയന്‍ വിളിച്ചു “ഒരോണക്കാഴ്ച്ച കാണാമെന്നു പറഞ്ഞു” അവിടെ ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത് ഉറങ്ങാനായി കട്ടിലില്‍ പടം പൊഴിച്ച നിലയില്‍ കിടക്കുന്ന നമ്മുടെ പാവം ഒരു പാമ്പിനെയാണ്.

               
                 എല്ലാം കഴിഞ്ഞ് എന്നത്തെയും പോലെ ഡയറിയില്‍ ചിലതെങ്കിലും കുറിച്ചിടാമെന്നു കരുതി ഡയറി എടുത്തു കുറെ നേരം വെറുതെ ഇരുന്നു. മനസ്സില്‍ ചെറുപ്പകാലത്തെ ഓണത്തിന്‍റെ "ഓര്‍മ്മക്കുറിപ്പുകള്‍" മിന്നി മറയുന്നു. സ്കൂള്‍ പഠനകാലത്തെ ഓണക്കാലം. പ്രത്യേകിച്ച് ഓണപ്പരീക്ഷ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാ‍യിരിക്കും. ഓണാവധിക്കായി സ്കൂള്‍ അടച്ചുകഴിഞ്ഞാല്‍ പിന്നെ ആഘോഷത്തിന്‍റെ നാളുകളാണു. കൂട്ടുകാരോടൊപ്പം കളിക്കാം, ദൂരെയുള്ള ബന്ധുവീടുകളില്‍ പോകാം, വീട്ടുകാരുടെ വഴക്ക് കേള്‍ക്കാതെ നമ്മുടേതായ ലോകത്തില്‍ കഴിയാന്‍ കിട്ടുന്ന പത്ത് സുന്ദര ദിനങ്ങള്‍.സ്കൂളില്‍ പോകാനുള്ള ദിവസങ്ങളില്‍ ഉറക്കമുനരുന്നതിനെകാല്‍ നേരത്തെ എഴുന്നേല്‍ക്കും ആ ദിവസങ്ങളില്‍,സ്കൂളില്‍ പോകേണ്ടല്ലോ എന്ന സന്തോഷത്തില്‍....

                    
                അങ്ങനെ ഞാന്‍ ഡയറിയില്‍ എഴുതിത്തുടങ്ങി...”ഇന്ന് ഓണം“. അപ്പോഴേക്കും പുറത്ത് വലിയ ശബ്ദം കേട്ടു. ഏതോ പ്ലാസ്റ്റിക്പാത്രത്തില്‍ തട്ടുന്നതു പോലെ, ശ്രദ്ദിച്ചപ്പോള്‍ “പടയണി” കൊട്ടാനായി ശ്രമിക്കുന്നതാണെന്നു മനസ്സിലായി. ഞാന്‍ വാതില്‍ തുറക്കാതിരുന്നതിനാ‍ലാവും കുറെ അധികം ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കി അവര്‍ തിരിഞ്ഞ് നടന്നു. വീണ്ടും ഓര്‍മ്മയുടെ നിറം മങ്ങാത്ത ബാല്യകാലത്തിലെ ഓണക്കാലത്തിലേക്ക് ഒരു നിമിഷം പോയി, ബാല്യത്തില്‍ വീടിനു അടുത്തുള്ള ചേട്ടന്മാരുടെ പുലികളി സംഘത്തിന്‍റെ കൂടെ പോയി തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ വീട്ടുകാരുടെ തല്ല് കിട്ടിയതും, കുറെ കാലങ്ങള്‍ക്ക് ശേഷം എന്‍റെ കാലവും വന്നപ്പോള്‍ കൂട്ടുകാരുടെ കൂടെ പുലികളി സംഘമായി വീടുകള്‍തോറും പോയി വിക്രിതികള്‍ കാട്ടിയതുമൊക്കെ ഇന്നും സുഖമുള്ള ഓര്‍മ്മകള്‍...
                             ഈ നിറം മങ്ങാത്ത ഓര്‍മ്മകളുടെ ഇടയില്‍ ഇന്നത്തെ ഓണം എന്റെ ഡയറി താളുകളെ പോലും സങ്കടപെടുത്തുമെന്നോര്‍ത്ത് "ഇന്ന് ഓണം" എന്നുമാത്രമെഴുതി ഡയറിയടച്ചുകൊണ്ട് വീണ്ടും കൊതിപ്പിക്കുന്ന സന്തോഷിപ്പിക്കന്ന,ഇടക്ക് ഒന്ന് വേദനിപ്പിക്കുന്ന ആ ബാല്യകാലത്തെ ഓര്‍മ്മകളുമായി ഉറക്കത്തെ പ്രതീക്ഷിച്ച് ഞാന്‍ കിടന്നു..........